അധ്യാപികയുടെ മർദനം: ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
വിശാഖപട്ടണം: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക ക്രൂരമായി മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വൺടൗൺ ഏരിയയിലെ 'ലിറ്റിൽ ഗാർഡൻ' സ്കൂളിലാണ് നടുക്കുന്ന സംഭവം നടന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഹോംവർക്ക് ചെയ്യാത്തതിനെച്ചൊല്ലി അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുകയും വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനമേറ്റ് കരഞ്ഞ കുട്ടി ഉടൻ തന്നെ ക്ലാസ് മുറിയിൽ വച്ച് കുഴഞ്ഞുവീണു. അധ്യാപിക കുട്ടിയെ അടിക്കുന്നതിന്റെയും കുട്ടി അവശനിലയിലായി നിലത്തു വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഉടൻ തന്നെ കുട്ടിയെ വിശാഖപട്ടണം കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മാതാപിതാക്കളെ വിവരമറിയിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി മൈതാനത്ത് കളിക്കുന്നതിനിടെ കുഴഞ്ഞുവീണതാണെന്നാണ് സ്കൂൾ അധികൃതർ ആദ്യം അറിയിച്ചതെങ്കിലും സിസിടിവി ദൃശ്യ പരിശോധനയിൽ അധ്യാപികയുടെ മർദനം വ്യക്തമാകുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അധ്യാപികയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുറ്റക്കാരായ അധ്യാപികയ്ക്കും സ്കൂൾ അധികൃതർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു.
