ക്യാബിനിൽ നിന്ന് കരിഞ്ഞ മണം വന്നിട്ടും പുകവലി തുടർന്നു; ഡ്രൈവറുടെ അശ്രദ്ധ വില്ലനായി: യുപിയിൽ ബസിന് തീപിടിച്ച സംഭവത്തിൽ യാത്രക്കാരന്‍റെ വെളിപ്പെടുത്തൽ

Up

നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ യമുന എക്സ്പ്രസ് വേയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസിന് തീപിടിച്ച സംഭവത്തിൽ പുതിയ വിവരം പുറത്തുവന്നു. ക്യാബിനിൽ നിന്ന് കത്തികരിഞ്ഞ മണം വന്നിട്ടും ഡ്രൈവറും കണ്ടക്റ്ററും നിർത്താതെ സിഗരറ്റ് വലിക്കുകയായിരുന്നെന്ന് യാത്രക്കാരൻ വെളിപ്പെടുത്തി. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ബസ് നിർത്താൻ ഡ്രൈവറും കണ്ടക്റ്ററും തയ്യാറായില്ലെന്നും യാത്രക്കാരൻ പറഞ്ഞു.

ഹമീർപൂർ സ്വദേശി സുനിൽ കുമാറിന്‍റെ പരാതിയിൽ ജെവാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ''മരിക്കണമെങ്കിൽ മരിച്ചോളൂ, ഞങ്ങൾ ബസ് നിർത്തില്ല” എന്ന് ഡ്രൈവറും കണ്ടക്റ്ററും പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെ ഡൽഹിയിലെ കശ്മീരി ഗേറ്റിൽ നിന്നാണ് രാജ് കൽപന ട്രാവൽസ് എന്ന ബസിൽ കയറിയതെന്ന് സുനിൽ കുമാർ പറഞ്ഞു. ബസിൽ 35ഓളം യാത്രക്കാരുണ്ടായിരുന്നു.

രാത്രി 11.30ഓടെ യമുന എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കവേ ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന മണം പുറത്തുവന്നു. മുന്നറിയിപ്പ് നൽകിയിട്ടും ബസിൽ സാധാരണയായി ഉണ്ടാകുന്ന മണമാണെന്ന് പറഞ്ഞ് ഡ്രൈവർ അത് അവഗണിച്ചു. വാഹനം നിർത്തി പരിശോധിക്കാനും തയ്യാറായില്ല. ഡ്രൈവറും കണ്ടക്റ്ററും ക്യാബിനിൽ ബീഡിയും സിഗരറ്റും വലിക്കുന്നത് തുടരുന്നതിനിടെ അൽപ്പസമയത്തിനകം ഡ്രൈവറുടെ സീറ്റിന് സമീപം തീ പടർന്നതായും സുനിൽ കുമാർ പരാതിയിൽ ആരോപിച്ചു.

ബുധനാഴ്ച രാത്രി ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോയ ബസാണ് യമുന എക്സ്പ്രസ് വേയിൽ വച്ച് തീപിടിച്ചത്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് യാത്രക്കാർ മരിച്ചത്. പരുക്കേറ്റവരെ ജെവാറിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തിൽ ബസ് പൂർണമായി കത്തിനശിച്ചിരുന്നു. ലഗേജ് കമ്പാർട്ട്മെന്‍റിലും ബസിന്‍റെ മുകളിലും സൂക്ഷിച്ചിരുന്ന യാത്രക്കാരുടെ ബാഗുകൾ, മൊബൈൽ ഫോണുകൾ എന്നിവ അഗ്നിക്കിരയായി.

ബിഹാർ രജിസ്ട്രേഷനിലുള്ള ബസിന് വിവിധ ഗതാഗത നിയമലംഘനങ്ങൾക്കായി 60ലധികം പിഴയും മുൻപ് ചുമത്തിയിരുന്നു. ഇതിൽ 20ലധികം പിഴ ഇനിയും അടയ്ക്കാനുണ്ട്. ഈ പിഴയിനത്തിൽ 1.7 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളതെന്നാണ് വിവരം.

Tags

Share this story