സ്മൃതി ഇറാനി, വി മുരളീധരൻ, അജയ് മിശ്ര; തോൽവി ഏറ്റുവാങ്ങിയത് 13 കേന്ദ്ര മന്ത്രിമാർ

smruthi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ അപ്രതീക്ഷിത കുതിപ്പിൽ തോൽവി ഏറ്റുവാങ്ങിയത് ബിജെപിയുടെ 13 കേന്ദ്ര മന്ത്രിമാർ. ഹിന്ദി ഭൂമിയിലടക്കം കേന്ദ്ര മന്ത്രിമാർ നേരിട്ട പരാജയം ബിജെപിക്കേറ്റ ആഘാതത്തിന്റെ പരുക്ക് വർധിപ്പിക്കുന്നതായിരുന്നു. കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും കേരളത്തിൽ മത്സര രംഗത്തിറങ്ങിയെങ്കിലും ഇരുവർക്കും ജയിക്കാനായില്ല

കേന്ദ്ര ഐടി, ഇലക്ട്രോണിക് സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ശശി തരൂരിനോട് 16,000ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടു. വി മുരളീധരൻ ആറ്റിങ്ങൽ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. 2019ൽ അമേഠിയിൽ രാഹുലിനെതിരെ അട്ടിമറി ജയം നേടി ദേശീയ ശ്രദ്ധ നേടിയ സ്മൃതി ഇറാനിക്ക് ഇത്തവണ പിഴച്ചു. അമേഠിയിൽ 1.67 ലക്ഷം വോട്ടുകൾക്കാണ് സ്മൃതി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് പരാജയപ്പെട്ടത്

കർഷക സമരത്തിനിടെ ലഖിംപൂർ ഖേരി സംഭവത്തിന്റെ പേരിൽ ജനരോഷം നേരിട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര സമാജ് വാദി പാർട്ടിയിലെ ഉത്കർഷ് വർമയോട് പരാജയപ്പെട്ടു. കേന്ദ്രമന്ത്രി അർജുൻ മുണ്ട കോൺഗ്രസിന്റെ കാളിചരൺ മുണ്ടയോട് ഒന്നര ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്

ഇവർക്ക് പുറമെ കൈലാഷ് ചൗധരി, സുഭാസ് സർക്കാർ, എൽ മുരുകൻ, നിസിത് പ്രമാണിക്, സഞ്ജീവ് ബല്യാൺ, മഹേന്ദ്രനാഥ് പാണ്ഡെ, കൗശൽ കിഷോർ, ഭഗവന്ത് ഖൂബ, രാജ് കപീൽ പാട്ടീൽ എന്നിവരാണ് തോറ്റ മറ്റ് കേന്ദ്ര മന്ത്രിമാർ
 

Share this story