പഞ്ചസാര ക്ഷാമത്തിന് പരിഹാരം; മൂന്ന് ലക്ഷത്തിലധികം ടൺ പഞ്ചസാര ഉടൻ വിപണിയിലെത്തും

പഞ്ചസാര

ന്യൂഡൽഹി: രാജ്യത്ത് വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പഞ്ചസാര ക്ഷാമത്തിനും വിലക്കയറ്റത്തിനും ആശ്വാസമായി കൂടുതൽ പഞ്ചസാര വിപണിയിലേക്ക്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി റിഫൈനറികളിൽ സൂക്ഷിച്ചിരുന്ന 3 മുതൽ 3.5 ലക്ഷം ടൺ വരെ സംസ്‌കരിച്ച പഞ്ചസാര ഉടൻ തന്നെ രാജ്യത്തെ ആഭ്യന്തര വിപണിയിൽ ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനത്തോടെ വരാനിരിക്കുന്ന ഉത്സവകാലത്ത് പഞ്ചസാര വില ഗണ്യമായി കുറയാനാണ് സാധ്യത.

​കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് പഞ്ചസാരയുടെ മൊത്തവ്യാപാര വിലയിൽ (Ex-mill price) വർധനവുണ്ടായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. കയറ്റുമതിക്കായി മാറ്റിവെച്ച പഞ്ചസാര വിപണിയിലെത്തിക്കാൻ തടസ്സമായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഈ ധാന്യശേഖരം വിപണിയിലെത്തും.

​ഇതിനുപുറമെ, 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാരയുടെ തീരുവ രഹിത ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഈ നടപടികൾ നടപ്പിലായതോടെ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പഞ്ചസാര വിലയിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് ഉടൻ തന്നെ പൊതുവിപണിയിലും പ്രതിഫലിക്കുമെന്നും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ പഞ്ചസാര ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Tags

Share this story