അമ്മയെ വീൽചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് മകൻ
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വീൽചെയറിന്റെ സഹായത്തോടെയായിരുന്ന 71-കാരിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ. സംഭവത്തിൽ 44-കാരനായ മകൻ പിടിയിലായി. മണവൂർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്.
മണവൂർ സ്വദേശിയായ പാർത്ഥസാരഥിയെ അറക്കോണം റെയിൽവേ പോലീസാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗം മൂലം പൂർണ്ണമായും വീൽചെയറിനെ ആശ്രയിച്ചിരുന്ന പദ്മാവതി എന്ന വയോധികയാണ് കൊല്ലപ്പെട്ടത്.
സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ അമ്മയെയുമായി എത്തിയ പാർത്ഥസാരഥി, വേഗത്തിൽ പാഞ്ഞെത്തിയ യേലഗിരി എക്‌സ്പ്രസിന് മുന്നിലേക്ക് വീൽചെയർ തള്ളിയിടുകയും തുടർന്ന് സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. ട്രാക്കിൽ മൃതദേഹം കണ്ട യാത്രക്കാരാണ് വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചത്.
ഹെവി വെഹിക്കിൾസ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പ്രതി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതിനൊപ്പം മദ്യത്തിന് അടിമയുമായിരുന്നു. രോഗബാധിതയായ അമ്മയെക്കൂടാതെ ഭിന്നശേഷിക്കാരനായ സഹോദരന്റെ സംരക്ഷണ ചുമതലയും ഇയാൾക്കായിരുന്നു.
നാളുകളായി കിടപ്പുരോഗിയായ അമ്മയെ പരിചരിച്ചു മടുത്തതാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റ് ചെയ്തതും.
