എല്ലാത്തിനും കാരണം സോനം വാങ്ചുക്; ലഡാക്ക് സംഘർഷത്തിൽ പ്രതികരണവുമായി കേന്ദ്രം
ലഡാക്കിൽ നാല് പേർ കൊല്ലപ്പെടുകയും എഴുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഘർഷത്തിന് പിന്നാലെ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുകിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്‌സിൽ കുറ്റപ്പെടുത്തി.
അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെ കുറിച്ചും നേപ്പാളിലെ ജെൻ സീ പ്രതിഷേധങ്ങളെ കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി സോനം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. ലേയിൽ ലഫ്. ഗവർണർ കവിന്ദർ ഗുപ്ത പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്.
ഏറ്റുമുട്ടലുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ലഫ്. ഗവർണർ ആരോപിച്ചത്. അക്രമത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സിആർപിഎഫ് ജവാൻമാരെ വാഹനത്തിൽ വെച്ച് ചുട്ടുകളയാൻ ജനക്കൂട്ടം ശ്രമിച്ചെന്നും ലഡാക്ക് ഡിജിപിയുടെ വാഹനത്തിന് കല്ലെറിഞ്ഞെന്നും ലഫ്. ഗവർണർ പറഞ്ഞു
സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു. ജനക്കൂട്ടം പോലീസ് വാഹനങ്ങൾക്ക് തീയിട്ടു. 30ഓളം പോലീസുകാർക്ക് പരുക്കേറ്റു. എന്നാൽ സംഘർഷം നിയന്ത്രണവിധേയമാക്കാൻ മുൻകൈയെടുക്കാതെ നിരാഹാരം അവസാനിപ്പിച്ച് സോനം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെന്നും കേന്ദ്രം കുറ്റപ്പെടുത്തി.
