സോനം വാങ്ചുക്കിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; നോട്ടീസ് അയച്ച് ലഡാക്ക് ഭരണകൂടം
പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ 'ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ്' നടത്തുന്ന 'ഡെസേര്‍ട്ട് ഫ്‌ളവര്‍' സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. ലഡാക്ക് ഭരണകൂടത്തിന്റേതാണ് നടപടി. സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീര്‍-ലഡാക്ക് ഹൈക്കോടതിയുടെ വിധി വരുന്നതുവരെയാണ് വിലക്ക്.
ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ക്ലാസുകളും സ്‌കൂളിലെ മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതെന്നാണ് നവംബര്‍ ഒന്നിന് കൈമാറിയ നോട്ടീസില്‍ ആരോപിക്കുന്നത്. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ ക്ലിയറന്‍സുകളോ അംഗീകാരങ്ങളോ ഇല്ലെന്നും നോട്ടീസില്‍ പറയുന്നു. സ്‌കൂളിന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സെപ്തംബര്‍ 22 ന് സ്‌കൂളിന്റെ ഫൗണ്ടറും സിഇഒയുമായ ഗീതാഞ്ജലി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ക്ലാസുകളും മറ്റ് ആക്ടിവിറ്റികളും സ്‌കൂളില്‍ ആരംഭിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിധി വരുത്തുവരെ സ്‌കൂളില്‍ ക്ലാസുകള്‍ നടത്തരുതെന്നും നിര്‍ദേശം നല്‍കി.
ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഡാക് ഭരണകൂടം അനുവദിച്ചിരുന്ന 134.5 ഏക്കറോളം വരുന്ന ഭൂമിയുടെ അലോട്ട്‌മെന്റ് 2025ഓഗസ്റ്റില്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിബന്ധനകള്‍ പാലിക്കാതെയാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്നായിരുന്നു ആരോപണം. ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.
