സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിൽ വിശദീകരണവുമായി കോണ്‍ഗ്രസ്. വന്ദേമാതരം പാടുന്നതിനെ ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാനാണെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശിന്‍റെ പ്രതികരണം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏറെനേരമായി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം കണക്കിലെടുത്താണ് കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ജയറാം രമേശ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ദേശീയഗീതം ആലപിച്ചത് പുറത്തുനിന്നുള്ള ഗായക സംഘമാണെന്നും അവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കാത്തതില്‍ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തില്‍ പാര്‍ട്ടി നിലപാട് പാര്‍ലമെന്‍റിൽ പറഞ്ഞിട്ടുണ്ടെന്നും ജയറാം രമേശ് കൂട്ടുച്ചേർത്തു.
എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലായിരുന്നു വന്ദേ മാതരം പൂർണമായിട്ടും ആലപിച്ചത്. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും സോണിയ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്‍റെ വീഡിയോയിലും ഗാനം നിർത്താനായി ആവശ്യപ്പെടുന്ന മല്ലികാർജുൻ ഖാർഗെയെയും സോണിയ ഗാന്ധിയെയും കാണാം. പിന്നാലെയാണ് വിശദീകരണവുമായി ജയറാം രമേശ് രംഗത്തെത്തിയത്.
