സൗരവ് ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കി ബംഗാൾ സർക്കാർ; പ്രതികാര നടപടിയെന്ന് ആക്ഷേപം
കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ പശ്ചിമ ബംഗാൾ സർക്കാർ വെട്ടിച്ചുരുക്കി. 2023 മുതൽ ഗാംഗുലിക്ക് നൽകിവന്നിരുന്ന 'Z' കാറ്റഗറി സുരക്ഷയാണ് ഇപ്പോൾ 'Y' കാറ്റഗറിയിലേക്ക് കുറച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ നിലവിൽ വന്നതിന് പിന്നാലെ വിഐപി സുരക്ഷാച്ചട്ടങ്ങൾ പരിഷ്കരിച്ചതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
നിലവിൽ താരത്തിന് വലിയ സുരക്ഷാഭീഷണികൾ ഇല്ലെന്നാണ് സംസ്ഥാന സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. മുൻപ് 'Z' കാറ്റഗറി പ്രകാരം എട്ടു മുതൽ പത്ത് വരെ പോലീസുകാരാണ് ഗാംഗുലിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. എന്നാൽ 'Y' കാറ്റഗറിയിലേക്ക് മാറിയതോടെ ഇത് സ്പെഷ്യൽ ബ്രാഞ്ചിലെ മൂന്ന് പോലീസുകാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി ചുരുങ്ങും. എങ്കിലും അദ്ദേഹത്തിന്റെ വസതിക്ക് ഹോം ഗാർഡ് സുരക്ഷയും അംഗരക്ഷകരും തുടരുമെന്നും വിഐപി പരിഗണന നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പ്രതികാരമോ?
സുരക്ഷാ പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, രാഷ്ട്രീയ വൃത്തങ്ങളിൽ ഇതൊരു പ്രതികാര നടപടിയാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുമായി വളരെ അടുത്ത ബന്ധമായിരുന്നു സൗരവ് ഗാംഗുലിക്കുണ്ടായിരുന്നത്. 2023-ൽ മമത സർക്കാർ അദ്ദേഹത്തെ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പലതവണ തൃണമൂൽ കോൺഗ്രസിലേക്ക് ക്ഷണം ലഭിച്ചിട്ടും രാഷ്ട്രീയം തന്റെ വഴിയല്ലെന്ന് പറഞ്ഞ് ഗാംഗുലി അത് നിരസിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ, ബംഗാളിൽ അടുത്തിടെയുണ്ടായ ഭരണമാറ്റത്തിന് പിന്നാലെ ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല.
