മോദി പ്രഭാവം ഫലിക്കാതെ ദക്ഷിണേന്ത്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമുൾപ്പെടെ നേതാക്കൾ തീവ്ര പ്രചാരണം നടത്തിയിട്ടും കർണാടകയിൽ കനത്ത പരാജയമാണു ബിജെപിയെ കാത്തിരുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനം നഷ്ടമായി എന്നതു മാത്രമല്ല, തെലങ്കാനയുൾപ്പെടെ സംസ്ഥാനങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കും കർണാടകയിലെ തോൽവി തിരിച്ചടിയാകും. ഗുജറാത്തിലെ വൻ വിജയത്തോടെ ബിജെപി നേതൃത്വത്തിനുണ്ടായ അമിത ആത്മവിശ്വാസത്തിനും പ്രഹരമാണ് കർണാടകയിലെ തോൽവി. മോദിയുടെ പ്രഭാവം കൊണ്ടു മാത്രം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനാവില്ലെന്ന പാഠവും കർണാടക ബിജെപിക്കു നൽകുന്നുണ്ട്.
കരുത്തുറ്റ മുഖത്തിന്റെ അഭാവം
മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ബി.എസ്. യെദിയൂരപ്പയായിരുന്നു കർണാടകയിൽ ബിജെപിയുടെ മുഖം. അദ്ദേഹത്തിനു നിർബന്ധിത വിരമിക്കൽ നൽകി ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്കു നിയോഗിച്ച ബസവരാജ് ബൊമ്മെയ്ക്ക് പാർട്ടിയുടെയും ജനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റാനായില്ല. മറുവശത്ത് ഡി.കെ. ശിവകുമാർ എന്ന പിസിസി അധ്യക്ഷനിൽ കരുത്തുറ്റ നേതാവിനെയും സിദ്ധരാമയ്യയിൽ മികച്ച ഭരണാധികാരിയെയും കണ്ടു കന്നഡ ജനത.
പ്രചാരണത്തിന്റെ മുൻനിരയിലുണ്ടായിരുന്നെങ്കിലും യെദിയൂരപ്പയെ പാർട്ടി ഒതുക്കിയതായി ലിംഗായത്തുകൾക്കിടയിൽ തോന്നൽ ശക്തമായിരുന്നു. ജഗദീഷ് ഷെട്ടാറും ലക്ഷ്മൺ സാവഡിയും കോൺഗ്രസിലേക്കു ചുവടുമാറ്റിയതും ബിജെപിയുടെ അടിത്തറയെ ബാധിച്ചു. ബിജെപി ബ്രാഹ്മണ മുഖ്യമന്ത്രിയെയാണു മനസിൽ കാണുന്നതെന്ന ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയും ലിംഗായത്തുകളുടെ കൊഴിഞ്ഞുപോക്കിന് വഴിയൊരുക്കി.
ന്യൂനപക്ഷ ധ്രുവീകരണം
ഹലാൽ, ഹിജാബ് തുടങ്ങിയ വിഷയങ്ങളിൽ ബിജെപി സർക്കാർ സ്വീകരിച്ച കടുത്ത നിലപാടുകൾ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിനിടയാക്കി. പ്രധാനമന്ത്രി ഉൾപ്പെടെ നേതാക്കൾ പ്രചാരണത്തിലേക്ക് "ഹനുമാനെ' കൊണ്ടുവന്നത് ധ്രുവീകരണം കൂടുതൽ ശക്തമാക്കി. ജെഡിഎസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾക്ക് കീഴിൽ ഭിന്നിച്ചു നിന്നിരുന്ന മുസ്ലിം വിഭാഗം കോൺഗ്രസിൽ ആശ്രയം കണ്ടു. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ ബിജെപി സർക്കാരുമായി ഭിന്നതയിലായിരുന്ന ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണയും കോൺഗ്രസിനു ഗുണം ചെയ്തു. ബിജെപി ലക്ഷ്യമിട്ട ഭൂരിപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം യാഥാർഥ്യമായതുമില്ല.
നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് തുല്യമായി വീതിച്ചു നൽകിയ ബിജെപി സർക്കാരിന്റെ തീരുമാനത്തിന് പക്ഷേ, തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ ചലനമുണ്ടാക്കാനായില്ല. ലിംഗായത്തുകൾക്കും വൊക്കലിഗർക്കും സംവരണം വർധിപ്പിക്കുമെന്നും മുസ്ലിം ക്വോട്ട പുനഃസ്ഥാപിക്കുമെന്നുമുള്ള കോൺഗ്രസ് വാഗ്ദാനത്തിനാണു സ്വീകാര്യത ലഭിച്ചത്.
അഴിമതി ആരോപണങ്ങൾ
എല്ലാ സർക്കാർ പദ്ധതികളിലും 40 ശതമാനം കമ്മിഷൻ എന്ന കോൺഗ്രസിന്റെ പ്രചാരണം വോട്ടർമാർ ഏറ്റെടുത്തു. "40 ശതമാനം സർക്കാർ' എന്ന പേരിൽ സംസ്ഥാനത്തുടനീളം പരസ്യബോർഡുകൾ സ്ഥാപിച്ചിരുന്നു കോൺഗ്രസ്. അഴിമതിക്കേസിൽ മുതിർന്ന മന്ത്രി കെ.എസ്. ഈശ്വരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നത് ബിജെപിയെ കനത്ത പ്രതിരോധത്തിലാക്കിയിരുന്നു. സംസ്ഥാനത്തെ കരാറുകാർ ഈശ്വരപ്പയ്ക്കെതിരേ പ്രധാനമന്ത്രിക്കു പരാതി നൽകിയത് കോൺഗ്രസ് പ്രചാരണത്തിൽ ഉന്നയിച്ചു.
ഭരണവിരുദ്ധ വികാരം
1985നു ശേഷം സംസ്ഥാനത്ത് ഒരു സർക്കാരിനും തുടർഭരണം നൽകിയിട്ടില്ല കർണാടക ജനത. ഭരണവിരുദ്ധ വികാരം മറികടക്കാൻ സിറ്റിങ് എംഎൽഎമാരിൽ ഭൂരിപക്ഷത്തെയും മാറ്റി പുതുമുഖങ്ങൾക്കാണ് ബിജെപി അവസരം നൽകിയത്. ഇതോടെ പാർട്ടി വിട്ട് കോൺഗ്രസിലേക്കു ചുവടുമാറിയ 70 ശതമാനം പേരും വിജയിച്ചു. മോദിയുടെ പ്രതിച്ഛായ ഉയർത്തിക്കാട്ടി ഭരണവിരുദ്ധ വികാരം മറികടക്കാനുള്ള ശ്രമവും ഫലിച്ചില്ല.