പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തി; 15 വയസ്സുള്ള ആൺകുട്ടിയെ പഞ്ചാബ് പോലീസ് പിടികൂടി
Jan 6, 2026, 11:55 IST
പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തിയ 15 വയസുള്ള ആൺകുട്ടിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്നും രഹസ്യ വിവരങ്ങൾ കൈമാറുന്നതിനായി 15കാരനെ പാക് രഹസ്യാന്വേഷണ ഏജൻസി ചാരനാക്കിയെന്നാണ് പഞ്ചാബ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഒരു വർഷമായി കുട്ടി പാക്കിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെ ഐഎസ്‌ഐ ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അറസ്റ്റിലൂടെ പുറത്തുവന്നത്.
ജമ്മുവിലെ സാംബ ജില്ലയിൽ താമസിക്കുന്ന 15കാരൻ മൊബൈൽ ഫോൺ വഴിയാണ് വിവരങ്ങൾ കൈമാറിയത്. ചോദ്യം ചെയ്യലിൽ തനിക്കൊപ്പം കൂടുതൽ പേരുള്ളതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കൂടുതൽ കുട്ടികളെ ഐഎസ്‌ഐ ഇരകളാക്കിയെന്നാണ് സംശയം.
