ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈക്കെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് നൽകി സ്റ്റാലിൻ

Mk Stalin

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഏപ്രിൽ 14ന് ഡി.എം.കെക്കെതിരെയും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെയും അഴിമതി ആരോപണങ്ങളുന്നയിച്ച് 'ഡി.എം.കെ ഫയലുകൾ' എന്ന പേരിൽ അണ്ണാമലൈ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

മുഖ്യമന്ത്രി സ്റ്റാലിന്റെ ദുബൈ സന്ദർശനവേളയിൽ സ്വകാര്യ കമ്പനിക്ക് ഇന്ത്യയിൽ 1000 കോടി രൂപ മുതൽമുടക്കാൻ കരാറുണ്ടാക്കിയതായും മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, അൻപിൽ മഹേഷ് പൊയ്യാമൊഴി എന്നിവർ ഈ കമ്പനിയിൽ ഡയറക്ടർമാരായിരുന്നുവെന്നും ഡി.എം.കെ കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനിയായി മാറിയെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

2011ലെ തെരഞ്ഞെടുപ്പ് സമയത്ത് വിവിധ ടെൻഡറുകൾ ഉറപ്പിക്കുന്നതിന് സിംഗപ്പൂരിലെ ഇന്തോ- യൂറോപ്യൻ ഷെൽ കമ്പനികളിൽനിന്ന് 200 കോടി രൂപ ഡി.എം.കെക്ക് ലഭിച്ചിരുന്നതായും ഇക്കാര്യം അന്വേഷിക്കാൻ സി.ബി.ഐക്ക് അധികാരമുണ്ടെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. അണ്ണാമലൈ മാധ്യമങ്ങൾക്ക് നൽകിയ ഫയലുകൾ അടിസ്ഥാനരഹിതവും അപകീർത്തികരവും സാധുവായ തെളിവുകളുമില്ലാത്തതാണെന്നാണ് ഹർജിയിൽ പറയുന്നത്.
 

Share this story