സ്റ്റാലിന്‍ സര്‍ക്കാരിന്റെ പൊങ്കല്‍ സമ്മാനം: കിറ്റിനൊപ്പം ആയിരം രൂപയും

Stalin

പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം. ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും.

അരിയും പഞ്ചസാരയും ഉൾപ്പെടുന്നതാണ് സർക്കാരിന്റെ പൊങ്കൽ കിറ്റ്. കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും നൽകും. കിറ്റ് റേഷൻകടകൾ വഴി നൽകുമ്പോൾ ധനസഹായം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നേരിട്ടെത്തുക. 1.15 കോടി കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാകും. ജനുവരി 10നകം തുക നൽകുമെന്ന് സർക്കാർ ഉറപ്പാക്കും.

ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് സൗജന്യ യാത്രാ പാസ്, പ്രഭാതഭക്ഷണ പദ്ധതി, പുതുമൈ പെൺ തിട്ടത്തിലെ ഗുണഭോക്താക്കൾക്ക് 1,000 രൂപ പ്രതിമാസ ഇൻസെന്റീവ് തുടങ്ങി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. അതേസമയം തമിഴ്നാട്ടിലെ സ്ത്രീകൾക്ക് വേണ്ടി കേന്ദ്രസർക്കാർ എന്തുചെയ്തെന്നും സ്റ്റാലിൻ ചോദിച്ചു.

Share this story