ഓഫീസ് സമയം കഴിഞ്ഞാൽ ആശയവിനിമയത്തിൽ നിന്ന് വിട്ടുനിൽക്കാം: റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ അവതരിപ്പിച്ച് എഎ റഹീം

rahim

ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് അവകാശം നൽകുന്ന റൈറ്റ് ടു ഡിസ്‌കണക്ട് സ്വകാര്യ ബിൽ എ എ റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. വിഷയത്തിൽ രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എഎ റഹീം. ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വർധിച്ചുവരുന്ന ജോലിഭാരവും ഡിജിറ്റൽ യുഗത്തിലെ എപ്പോഴും ഓൺലൈൻ ആയിരിക്കണമെന്ന സമ്മർദ്ദവും ജീവനക്കാരുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നിശ്ചിത ജോലിസമയത്തിന് ശേഷം വരുന്ന ഫോൺ കോളുകൾ, ഇമെയിലുകൾ, മെസ്സേജുകൾ എന്നിവയോട് പ്രതികരിക്കാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശമുണ്ടാകണം എന്നതാണ് ബില്ലിലെ പ്രധാന നിർദേശം. 


ജോലി സമയം കഴിഞ്ഞുള്ള ആശയവിനിമയങ്ങളിൽ പ്രതികരിക്കാത്തതിന്റെ പേരിൽ ജീവനക്കാർക്കെതിരെ പിരിച്ചുവിടലോ മറ്റ് അച്ചടക്ക നടപടികളോ സ്വീകരിക്കാൻ പാടില്ല. ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരിൽ പ്രമോഷനോ മറ്റ് കരിയർ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടരുത്. ഓരോ സ്ഥാപനവും തങ്ങളുടെ റൈറ്റ് ടു ഡിസ്‌കണക്ട് നയം ട്രേഡ് യൂണിയനുകളുമായോ ജീവനക്കാരുടെ പ്രതിനിധികളുമായോ ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ബില്ലിൽ പറയുന്നു.
 

Tags

Share this story