പൊതുയിടങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണം
തെരുവ് നായ പ്രശ്‌നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് നായ്ക്കൾ, കന്നുകാലികൾ എന്നിവയെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദേശം
ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പട്രോളിംഗ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികളുണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ സുപ്രീം കോടതിയെ അറിയിക്കണം.
പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരിച്ചതിന് ശേഷം പിടിച്ച അതേ സ്ഥലത്ത് തുറന്നുവിടരുതെന്നും കോടതി ഉത്തരവിട്ടു.
