പരീക്ഷാ ക്രമക്കേടുകൾക്ക് കടുത്ത നടപടി; 203 കേസുകൾ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റി മഹാരാഷ്ട്ര

കോടതി

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച മാത്രമല്ല, പരീക്ഷകളുമായി ബന്ധപ്പെട്ട വിവിധ ക്രമക്കേടുകൾക്ക് കടുത്ത നിയമനടപടിയുമായി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത 203 പരീക്ഷാ ക്രമക്കേട് കേസുകൾ വിചാരണ വേഗത്തിലാക്കുന്നതിനായി 23 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചു.

ചോദ്യപേപ്പർ ചോർച്ച, ആൾമാറാട്ടം, സംഘടിത കോപ്പിയടി, വ്യാജരേഖ ഉപയോഗിച്ച് പരീക്ഷ എഴുതൽ, പരീക്ഷാ തട്ടിപ്പ് എന്നിവയുൾപ്പെടെയുള്ള കേസുകളാണ് പ്രത്യേക കോടതികളുടെ പരിഗണനയിലുള്ളത്. ചാർജ്ഷീറ്റ് സമർപ്പിച്ച കേസുകളിൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് വിവിധ മത്സരപരീക്ഷകളിൽ, പ്രത്യേകിച്ച് നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയുണ്ടായ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടികൾ ശക്തമാക്കിയത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുകയും കുറ്റക്കാർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേടുകൾ തടയാൻ നിയമനടപടികൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഇടപെടൽ. വരും ദിവസങ്ങളിലും ഇത്തരം കേസുകളിൽ വേഗത്തിലുള്ള അന്വേഷണം, വിചാരണ, ശിക്ഷ എന്നിവ ഉറപ്പാക്കാൻ സർക്കാർ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Share this story