വ്യാജ നുഴഞ്ഞുകയറ്റക്കാർക്കെതിരെ ബംഗാളിൽ കർശന നടപടി; 'ഹോൾഡിംഗ് സെന്ററുകൾ' സ്ഥാപിച്ച് ബി.ജെ.പി സർക്കാർ; ഭയന്ന് തിരികെപ്പോകാൻ അതിർത്തിയിൽ ബംഗ്ലാദേശികളുടെ വൻ തിരക്ക്

Bangla

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിച്ച് ബി.ജെ.പി സർക്കാർ. സംശയാസ്പദമായ രീതിയിൽ കഴിയുന്ന നുഴഞ്ഞുകയറ്റക്കാരെ പാർപ്പിക്കുന്നതിനായി ജില്ലാ തലങ്ങളിൽ 'ഹോൾഡിംഗ് സെന്ററുകൾ' (താത്കാലിക തടങ്കൽ കേന്ദ്രങ്ങൾ) സ്ഥാപിക്കാൻ സർക്കാർ ആരംഭിച്ചതോടെ, അതിർത്തി വഴി ബംഗ്ലാദേശിലേക്ക് തിരികെപ്പോകാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

​മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' (detect, delete and deport) എന്ന കർശന നയത്തിന്റെ ഭാഗമായാണ് ഈ നടപടി. ബംഗാളിലെ മാൽഡ ജില്ലയിലാണ് ആദ്യത്തെ ഹോൾഡിംഗ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിലവിൽ ഒൻപത് ബംഗ്ലാദേശികളെ പാർപ്പിച്ചിട്ടുണ്ട്. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഇവരെ ഔദ്യോഗികമായി നാടുകടത്തും.

​ഇതോടെ വ്യാജ രേഖകൾ ചമച്ച് സംസ്ഥാനത്ത് കഴിഞ്ഞിരുന്ന അനധികൃത കുടിയേറ്റക്കാർ പിടിയിലാകുമെന്ന ഭയത്താൽ കൂട്ടത്തോടെ അതിർത്തിയിലേക്ക് പലായനം ചെയ്യുകയാണ്. ഉത്തർ 24 പർഗാനാസ് ജില്ലയിലെ ഹാക്കിംപൂർ ബി.എസ്.എഫ് ചെക്ക്പോസ്റ്റിൽ നൂറിലധികം ബംഗ്ലാദേശികളാണ് തങ്ങളുടെ സാധനസാമഗ്രികളുമായി അതിർത്തി കടക്കാൻ തടിച്ചുകൂടിയിരിക്കുന്നത്. ഡംഡം, ന്യൂ ടൗൺ, ദൻകുനി തുടങ്ങിയ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ തൊഴിലാളികളായും വീട്ടുജോലിക്കാരായും കഴിഞ്ഞിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

​കഴിഞ്ഞ നവംബറിൽ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധന (SIR) ആരംഭിച്ചപ്പോഴും സമാനമായ രീതിയിൽ ബംഗ്ലാദേശികളുടെ കൂട്ട പലായനം ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അതിർത്തിയിലെ തിരക്ക് വീണ്ടും വർദ്ധിച്ചതായും, നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ബംഗ്ലാദേശ് അധികൃതരുമായി ബന്ധപ്പെട്ട് ഇവരെ തിരികെ അയക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ബി.എസ്.എഫ് (BSF) ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിർത്തിയിൽ തടിച്ചുകൂടിയ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങാൻ ആവശ്യപ്പെടുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags

Share this story