കന്നഡക്കാർക്ക് ജോലി നിഷേധിച്ചാൽ കർശന നടപടി: ബെംഗളൂരുവിലെ ഐടി കമ്പനികൾക്ക് മുന്നറിയിപ്പുമായി ഡികെ ശിവകുമാർ

CM DK

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിലും ഐടി കമ്പനികളിലും പ്രാദേശിക കന്നഡക്കാരെ ജോലികളിൽ നിന്ന് ബോധപൂർവം ഒഴിവാക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി.

​ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനികളിൽ കന്നഡ സംസാരിക്കുന്നവർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന പരാതികളെക്കുറിച്ച് പ്രതികരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കർണാടകയിൽ കന്നഡക്കാരാണ് പരമാധികാരികൾ. കന്നഡക്കാരുടെ അവകാശങ്ങളും അന്തസ്സും തൊഴിലവസരങ്ങളും ഏതെങ്കിലും കാരണവശാൽ അവഗണിക്കപ്പെടുന്നത് സർക്കാർ അനുവദിക്കില്ല," എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഡികെ ശിവകുമാർ കുറിച്ചു.

​ബെംഗളൂരുവിലെ കമ്പനികൾ റിക്രൂട്ട്‌മെന്റുകളിൽ തെലുങ്ക്, തമിഴ് ഭാഷക്കാർക്ക് മുൻഗണന നൽകുകയും കന്നഡക്കാരെ ഒഴിവാക്കുകയും ചെയ്യുന്നു എന്ന് ആരോപിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. പരാതികൾ ഗൗരവമായി എടുത്തിട്ടുണ്ടെന്നും, മനഃപൂർവം കന്നഡക്കാരെ അവഗണിക്കുന്ന കമ്പനികൾക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Tags

Share this story