ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരം; ലീഡ് തിരിച്ചുപിടിച്ച് ബിജെപി

bjp

നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ശക്തമായ ത്രികോണ മത്സരം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുകയാണ്. നിലവിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. 33 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുമ്പോൾ 15 സീറ്റുകളിൽ സിപിഎം-കോൺഗ്രസ് സഖ്യം മുന്നിട്ട് നിൽക്കുകയാണ്. 11 സീറ്റിൽ തിപ്ര മോത പാർട്ടിയും മുന്നിട്ട് നിൽക്കുന്നു

നിലവിൽ ബിജെപി കേവല ഭൂരിപക്ഷത്തേക്കാൾ സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. 2018ൽ 60 സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത്തവണ വോട്ടെണ്ണൽ തുടരുമ്പോൾ ഒരു ഘട്ടത്തിൽ സിപിഎം സഖ്യം ബിജെപിയ്ക്ക് മുന്നിൽ ലീഡ് പിടിക്കുന്ന ഘട്ടം എത്തിയിരുന്നു. 

അതേസമയം നിയമസഭയിൽ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത പാർട്ടിയാണ് അത്ഭുതപ്പെടുത്തുന്നത്. 11 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്ന തിപ്ര മോത പാർട്ടി സംസ്ഥാനത്തെ ഭരണം തീരുമാനിക്കുന്നതിൽ നിർണായകമായേക്കും

നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരമുറപ്പിച്ചിട്ടുണ്ട്. എൻ ഇ ഡി എ സഖ്യം 40 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. മൂന്ന് സീറ്റിൽ എൻ പി എഫും മറ്റുള്ളവർ 17 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്

മേഘാലയയിൽ എൻപിപി 25 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപി അഞ്ച് സീറ്റിലും തൃണമൂൽ കോൺഗ്രസ് 5 സീറ്റിലും മറ്റുള്ളവർ 24 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
 

Share this story