പാത്രങ്ങൾ കൊട്ടി വിദ്യാർത്ഥി പ്രക്ഷോഭം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളുമായി കോക്രോച്ച് ജനതാ പാർട്ടി

കോക്

ന്യൂഡൽഹി: ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) രണ്ടാം ഘട്ട വൻ പ്രതിഷേധം. പ്ലേറ്റുകളും സ്പൂണുകളുമായി നിരത്തിലിറങ്ങിയ നൂറുകണക്കിന് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പാത്രങ്ങൾ കൊട്ടിയാണ് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നത്.

​പ്രതിഷേധ വേദിയിലേക്ക് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ എത്തിയതോടെ അന്തരീക്ഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായി. "ഗോ പ്രധാൻ, ഗോ" (Go Pradhan, Go) എന്നും "വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക" എന്നും പ്രതിഷേധക്കാർ ഉറക്കെ വിളിച്ചുപറയുന്നുണ്ട്.

​പരീക്ഷാ തട്ടിപ്പുകൾ മൂലം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും, ഇതിന് ഉത്തരവാദിയായ കേന്ദ്ര മന്ത്രാലയം മറുപടി പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൻ പോലീസ് സന്നാഹമാണ് ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നത്. സി.സി.ടി.വി ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് പോലീസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

​കഴിഞ്ഞ ദിവസം സി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയിരുന്നു. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി അടിയന്തരമായി വാങ്ങണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ. സോഷ്യൽ മീഡിയയിലെ പരിഹാസ കൂട്ടായ്മയായി തുടങ്ങി ലക്ഷക്കണക്കിന് യുവാക്കളുടെ വൻ പ്രസ്ഥാനമായി മാറിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ഈ പ്രതിഷേധം ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയാണ്.

Tags

Share this story