അധ്യാപകർ തമ്മിൽ അടുപ്പമെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു: ഇരുവരെയും സ്ഥലം മാറ്റി

വിദ്യാർത്ഥികൾ

ചിന്ദ്വാര: അധ്യാപകനും ഗസ്റ്റ് അധ്യാപികയും തമ്മിൽ സാധാരണയിൽ കൂടുതൽ അടുപ്പമെന്ന് പരാതിപ്പെട്ട് വിദ്യാർഥികൾ. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലുള്ള ബീച്ച് ബഹ്ലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകനും ഗസ്റ്റ് അധ്യാപികയും തമ്മിൽ വലിയ സൗഹൃദത്തിലാണെന്നും അതുകൊണ്ടു തന്നെ ഇരുവരും വളരെ നേരത്തേ ക്ലാസുകൾ അവസാനിപ്പിച്ച് ഒരുമിച്ച് പുറത്തേക്കു പോകുമെന്നുമാണ് വിദ്യാർഥികളുടെ പരാതി.

തുടർന്ന് കലക്റ്റരുടെ നിർദേശപ്രകാരം ട്രൈബൽ അഫയേഴ്സ് വകുപ്പ് അസിസ്റ്റന്‍റ് കമ്മിഷണർ സത്യേന്ദ്ര സിങ് മാർകം സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നു. അന്വേഷണ കമ്മിറ്റി പരാതികളിൽ അന്വേഷണം നടത്തിയെന്നും ഇരുവരെയും സ്കൂളിൽ നിന്ന് നീക്കം ചെയ്തെന്നും ബ്ലോക്ക് എജുക്കേഷൻ ഓഫിസർ ഒ പി ജോഷി പറയുന്നു. സ്കൂളിലേക്ക് മറ്റ് രണ്ട് അധ്യാപകരെ നിയമിക്കാനുള്ള നടപടികൾക്കും തുടക്കമായി.

ആരോപണ വിധേയരായ അധ്യാപകരെ രണ്ട് വ്യത്യസ്ത സ്കൂളുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. അതേ സമയം ഇരുവരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് മറ്റൊരാളെ നിയമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

Tags

Share this story