ഡൽഹിയിലേത് ചാവേറാക്രമണം: കാറിലുണ്ടായിരുന്നത് ഡോ. ഉമർ മുഹമ്മദ്, മാതാവും സഹോദരങ്ങളും കസ്റ്റഡിയിൽ

delhi blast

ഡൽഹി ചെങ്കോട്ടയിലേത് ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പോലീസ്. ഫരീദാബാദിലെ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പോലീസ് വ്യക്തമാക്കിയത്. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച വൈറ്റ് ഐ20 കാറിന്റെ ഉടമയാണ് ഉമർ. 

ജമ്മു കാശ്മീരിലെ പുൽവാമ സ്വദേശിയായ ഉമർ അൽ ഫലാ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. നേരത്തെ ജമ്മു കാശ്മീർ-ഹരിയാന പോലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം

ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെയാണ് സ്‌ഫോടനം നടത്തിയത്. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഉമറിന്റെ മാതാവിനെയും സഹോദരങ്ങളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Tags

Share this story