ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രിം കോടതി തള്ളി

കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രിം കോടതി തള്ളി. 2018ലെ കേസുമായി ബന്ധപ്പെട്ട് ശിവകുമാറിനെ 2019 സെപ്റ്റംബറിൽ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും നിയമവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നും ഡികെ ശിവകുമാർ അന്ന് പറഞ്ഞിരുന്നു. 2017ലാണ് ശിവകുമാറിന്റെ വീട്ടിലും അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പും ഇഡിയും റെയ്ഡ് നടത്തിയത്. 

ശിവകുമാറിന്റെ വീട്ടിൽ നിന്ന് 30 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തുവെന്ന് ഇൻകം ടാക്‌സ് വകുപ്പ് പറഞ്ഞിരുന്നു. പണം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബിജെപിയുമായി ബന്ധപ്പെട്ട തുകയായിരിക്കുമെന്ന് അന്ന് ശിവകുമാർ തിരിച്ചടിച്ചിരുന്നു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ ആദ്യം കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്.
 

Share this story