നിരപരാധിക്ക് ആറുവർഷത്തെ ജയിൽവാസം: യുവാവിന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവ്

കോടതി

ന്യൂഡൽഹി: ശാസ്ത്രീയമായ വിചാരണയോ പ്രാഥമിക അന്വേഷണമോ പോലും നടത്താതെ യുവാവിനെ ആറുവർഷത്തോളം ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ജയിലിൽ കഴിയേണ്ടി വന്ന നിർധനനായ യുവാവിന് ഒരു മാസത്തിനകം 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.

​2019-ൽ ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിലാണ് അരുൺ (ദീപക്) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആവശ്യമായ തെളിവുകളോ വ്യക്തമായ അന്വേഷണമോ ഇല്ലാതെയാണ് പൊലീസ് ഇയാളെ പ്രതിയാക്കിയത്. കേസിന്റെ വിചാരണ പൂർത്തിയായി യുവാവ് നിരപരാധിയാണെന്ന് കണ്ട് വിചാരണക്കോടതി വെറുതെ വിട്ടെങ്കിലും ആറുവർഷത്തോളം റിമാൻഡ് തടവുകാരനായി ഇയാൾക്ക് ജയിലിൽ കഴിയേണ്ടി വന്നു.

​ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. പൊലീസിന്റെ ഉത്തരവാദിത്തമില്ലാത്തതും തട്ടിക്കൂട്ടിയുള്ളതുമായ അന്വേഷണം കാരണം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യവുമാണ് അപകടത്തിലായതെന്ന് കോടതി നിരീക്ഷിച്ചു.

​വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പോലീസിന്റെ ഇത്തരം വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ രാജ്യം ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നിർദിഷ്ട സമയത്തിനുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 18% പലിശ കൂടി നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. പോലീസുകാർക്ക് ശരിയായ അന്വേഷണ രീതികളെക്കുറിച്ച് പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചു.

Tags

Share this story