തരുൺ തേജ്പാലിന് തിരിച്ചടി: കീഴടങ്ങുന്നതിൽ നിന്നുള്ള ഇളവ് ഹർജി സുപ്രീം കോടതി തള്ളി; രണ്ട് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ ഉത്തരവ്
ന്യൂഡൽഹി: പീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിന് തിരിച്ചടി. അപ്പീൽ ഹർജി പരിഗണിക്കുന്നതുവരെ കീഴടങ്ങുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രണ്ട് ആഴ്ചയ്ക്കുള്ളിൽ ജയിലിൽ കീഴടങ്ങാൻ കോടതി തേജ്പാലിന് നിർദ്ദേശം നൽകി.
2013-ൽ ഗോവയിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. വിചാരണക്കോടതി നേരത്തെ തേജ്പാലിനെ വെറുതെവിട്ടിരുന്നെങ്കിലും, ആ വിധി റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതി തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 10 വർഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി സെപ്റ്റംബർ 22-ന് പരിഗണിക്കും. കോടതിയിൽ കീഴടങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ അപ്പീൽ ഹർജിയിൽ തുടർവാദം കേൾക്കൂ എന്ന് ജസ്റ്റിസ് അലോക് അരാധെയുടെ ബെഞ്ച് വ്യക്തമാക്കി. തേജ്പാലിന്റെ ശിക്ഷ 10 വർഷത്തിൽ നിന്ന് ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
