തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾക്കെതിരേ സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം നടപടികൾ കൂട്ടായ തീരുമാനമെടുക്കൽ സംബന്ധിച്ച നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി സമർപ്പിച്ചത്. പൂർണ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയില്ലാതെയോ കമ്മിഷനിലെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായോ എടുത്ത തീരുമാനങ്ങൾ ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആവശ്യമായ അനുമതിയില്ലാതെ എടുത്ത തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിനൊപ്പം ഔദ്യോഗിക കർത്തവ്യ ലംഘനവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ക്രിമിനൽ നടപടി എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ എടുത്തതായി പറയപ്പെടുന്ന വിവിധ തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം എതിർപ്പ് അറിയിച്ചെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹർജി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് മറ്റു രണ്ട് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിച്ച് നിരവധി തീരുമാനങ്ങൾ എടുക്കുകയോ നടപ്പാക്കുകയോ ചെയ്തെന്നാണ് ഹർജിയിലെ ആരോപണം. ഫോം ആറിലെ മാറ്റത്തിനെതിരേ മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും എതിർപ്പ് അറിയിച്ചിരുന്നുവെന്നും നിയമപരമായ നടപടിക്രമം പാലിക്കാതെ നിശ്ചിത ഫോമിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കേന്ദ്രീകൃതമാക്കുകയും ഇതുവഴി പ്രാദേശികതലത്തിലുള്ള ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നിയമപരമായ അധികാരങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്തതായും ഹർജിയിൽ ആരോപിക്കുന്നു.
ഗോവയിലെയും പശ്ചിമ ബംഗാളിലെയും വോട്ടർപട്ടിക പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. പരിശോധന നടത്താൻ നിർദേശിച്ചിട്ടും ഗോവയിലെ അർഹരായ 97 വോട്ടർമാരെ പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
പശ്ചിമ ബംഗാളിൽ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ പേരുകൾ പുനഃസ്ഥാപിച്ച വോട്ടർമാർക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ 16 ലക്ഷത്തിലധികം അപ്പീലുകൾ സമർപ്പിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും പശ്ചിമ ബംഗാൾ ചീഫ് ഇലക്റ്ററൽ ഓഫീസർക്കും ഈ അപ്പീലുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും അവയ്ക്ക് അനുമതി നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഐടി വിഭാഗത്തിന്‍റെ ഭരണപരമായ ചുമതലകൾ സംബന്ധിച്ച് ജൂലൈ 28ന് പുറപ്പെടുവിച്ച ഉത്തരവും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും ഈ ഉത്തരവിനെതിരേ എതിർപ്പ് രേഖപ്പെടുത്തിയെന്നും തുടർന്ന് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും അതിന്‍റെ സാധുത ചോദ്യം ചെയ്തതായും ഹർജിയിൽ പറയുന്നു.
