വൈറലാവാൻ സ്വിഫ്റ്റ് കാറിനെ ചുംബനം കൊണ്ട് മൂടി; 5,500 രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്
വൈറലാകാൻ വേണ്ടി സ്വിഫ്റ്റ് കാറിനെ ചുംബനം കൊണ്ടു മൂടിയ ഇൻഫ്ലുവൻസർക്ക് 5500 രൂപ പിഴയിട്ട് പൊലീസ്. 3400 ചുംബന പാടുകളുള്ള കാറുമായി നടുവഴിയിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തിയതിന്‍റെ പേരിലാണ് നടപടി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ആദിത്യ സികാർവർ എന്ന യുവാവാണ് ട്രാഫിക് പൊലീസിന്‍റെ കൈയിൽ പെട്ടത്. വൈറലാവാൻ വേണ്ടിയാണ് വെളുത്ത കാറിൽ ചുവന്ന നിറമുള്ള ലിപ്സ്റ്റിക് ഉപയോഗിച്ച് ചുംബിച്ചതെന്നും മൂന്നര മണിക്കൂർ കൊണ്ട് തന്‍റെയൊരു പെൺസുഹൃത്താണ് കാറിൽ നിറയെ ചുംബിച്ചതെന്നും ഇൻഫ്ലുവൻസർ പൊലീസിന് മൊഴി നൽകി.
#WATCH | Gwalior, Madhya Pradesh: Traffic Police seized a car with lipstick marks for performing dangerous car stunts on city roads after an Instagram video went viral.
— ANI MP/CG/Rajasthan (@ANI_MP_CG_RJ) August 24, 2026
Under 'Operation Eagle,' police tracked the vehicle, issued a Rs 5,500 challan, and seized the car for traffic… pic.twitter.com/iVLGttC4Ie
800-900 രൂപ വിലയുള്ള ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടിയ ശേഷമാണ് കാറിൽ ചുംബിച്ചിരിക്കുന്നത്. ചുംബന പാടുകളുള്ള കാറിന്‍റെ റീൽ 5.5 മില്യൺ പേരാണ് കണ്ടിരിക്കുന്നത്. പക്ഷേ ആ കണ്ടവരുടെ കൂട്ടത്തിൽ ഗ്വാളിയോർ ട്രാഫിക് പൊലീസും ഉണ്ടായിരുന്നുവെന്നതാണ് ഇൻഫ്ലുവൻസറെ കുടുക്കിയത്. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അതിവേഗത്തിൽ ഓടിച്ചു പോകുന്ന കാർ ഓൺലൈനിൽ ശ്രദ്ധ നേടിയിരുന്നു. അസാധാരണമായ എന്തെങ്കിലും ചെയ്ത് വൈറലാകുക എന്ന സമൂഹമാധ്യമ ട്രെൻഡ് അനുസരിച്ച് പെൺസുഹൃത്താണ് ഈ ആശയം മുന്നോട്ടു വച്ചതെന്നും ആദിത്യ പറയുന്നു.
2,952 ഫോളോവേഴ്സ് ആണ് ആദിത്യക്ക് ഉള്ളത്. പൊലീസ് നടപടിക്ക് പിന്നാലെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അഭിഷേക് രഘുവംശി പറയുന്നു. മാത്രമല്ല ആദിത്യയെക്കൊണ്ട് തന്നെ കാറിലെ ചുംബനപ്പാടുകളെല്ലാം മായ്ച്ചു കളഞ്ഞ ശേഷമാണ് വണ്ടി വിട്ടു കൊടുത്തത്.
