ഗ്യാനേഷ് കുമാറിനെതിരെ 'പ്രതീകാത്മക ഇംപീച്ച്‌മെന്റ്'; 6 പ്രധാന ആരോപണങ്ങളുമായി മല്ലികാർജുൻ ഖാർഗെ

മല്ലിക

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യാ (INDIA) സഖ്യം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച പ്രതീകാത്മക ജനകീയ വിചാരണയിലാണ് ('ജൻ മഹാഭിയോഗ്') ഇന്ത്യാ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്.

​മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളും സിവിൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.

​മല്ലികാർജുൻ ഖാർഗെ ഉന്നയിച്ച 6 പ്രധാന ആരോപണങ്ങൾ:

  1. ​ഭരണഘടനാപരമായ സ്വയംഭരണാവകാശം തകർത്തു: കേന്ദ്ര ഭരണകൂടത്തിന് പൂർണ്ണമായും വഴങ്ങി പ്രവർത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ സ്വയംഭരണാവകാശവും നിഷ്പക്ഷതയും തകർത്തു.
  2. ​ഭരണപക്ഷത്തിന് അനുകൂലമായ നിലപാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള നിർദ്ദേശാനുസരണം ഭരണകക്ഷിയായ ബിജെപിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുനൽകി.
  3. ​പ്രതിപക്ഷത്തിന്റെ പരാതികൾ തള്ളി: തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും വോട്ടർപട്ടികയിലെ തിരിമറികളെക്കുറിച്ചും പ്രതിപക്ഷം നൽകിയ പരാതികൾ ന്യായമായ രീതിയിൽ കേൾക്കാനോ നടപടിയെടുക്കാനോ തയ്യാറായില്ല.
  4. ​വ്യക്തിഗത നേട്ടങ്ങളും പദവികളും: ഭരണകൂടത്തെ സഹായിച്ചതിന് പകരമായി ഗ്യാനേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ഉന്നത പദവികളും സാമ്പത്തിക നേട്ടങ്ങളും ലഭിച്ചു.
  5. ​വോട്ടർമാരുടെ അവകാശം ലംഘിച്ചു: ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നിയമവിരുദ്ധമായി നീക്കംചെയ്യാൻ കൂട്ടുനിന്ന് പൗരന്മാരുടെ ജനാധിപത്യ അവകാശം നിഷേധിച്ചു.
  6. ​രാജ്യദ്രോഹവും വിശ്വസവഞ്ചനയും: ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടും വിശ്വസവഞ്ചന കാണിച്ച ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

Tags

Share this story