ഭാരതിരാജയുടെ ചെന്നൈയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

Vi

ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ റിയലിസ്റ്റിക് സിനിമകളുടെ വസന്തത്തിന് തുടക്കമിട്ട ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ (84) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിലെ ഭാരതിരാജയുടെ വസതി നേരിട്ടെത്തിയ മുഖ്യമന്ത്രി, ഭൗതികശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വാസ വാക്കുകൾ അറിയിച്ചു.

​തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ നാലുചുവരുകളിൽ നിന്ന് ഗ്രാമീണതയുടെ യഥാർത്ഥ ഭംഗിയിലേക്കും മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയ വിപ്ലവകാരിയായ ദീർഘദർശിയായിരുന്നു ഭാരതിരാജയെന്ന് മുഖ്യമന്ത്രി വിജയ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​ചലച്ചിത്ര ലോകത്തിനും തമിഴ് സംസ്‌കാരത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മാനിച്ച്, ഭാരതിരാജയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ (State Honours) സംസ്‌കരിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്.

Tags

Share this story