തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന്റെ വിവാഹമോചനക്കേസ്; ഇരുവരും ഹാജരായില്ല: ഓഗസ്റ്റിലേക്ക് മാറ്റി കോടതി

Vijay Sangeetha

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയിയും ഭാര്യ സംഗീത സോർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസിന്റെ കോടതി നടപടികൾ വീണ്ടും മാറ്റിവെച്ചു. ചെങ്കൽപട്ട് ഫാമിലി വെൽഫെയർ കോടതിയാണ് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 7-ലേക്ക് നീട്ടിയത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ വിജയിയോ സംഗീതയോ നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല.

​സുരക്ഷാപ്രശ്നങ്ങളും മുഖ്യമന്ത്രിയെന്ന നിലയിലുള്ള തിരക്കുകളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ ഇരുവരുടെയും അഭിഭാഷകർ നേരത്തെ അനുമതി തേടിയിരുന്നു. എന്നാൽ കൃത്യമായ ഇമെയിൽ വിലാസങ്ങൾ ഉൾപ്പെടുത്താത്തതിനാൽ കോടതി ഈ ഹർജി തള്ളി. ഇരുവർക്കും നേരിട്ട് ഹാജരാകുന്നതിന് വേണ്ടിയാണ് കേസ് ജൂൺ 15-ലേക്ക് മുൻപ് മാറ്റിവെച്ചിരുന്നത്. എന്നാൽ ഇത്തവണയും ഇരുവരും എത്താതിരുന്നതിനെ തുടർന്ന് ജഡ്ജി സുജാത കേസ് ഓഗസ്റ്റിലേക്ക് മാറ്റുകയായിരുന്നു.

​27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി സംഗീതയാണ് കഴിഞ്ഞ ഡിസംബറിൽ കോടതിയെ സമീപിച്ചത്. പരസ്ത്രീ ബന്ധവും മാനസിക പീഡനവും ആരോപിച്ചാണ് പ്രത്യേക വിവാഹ നിയമപ്രകാരം സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 20-ന് നടന്ന ആദ്യ വിചാരണയിലും ഇരുവരും ഹാജരായിരുന്നില്ല. അതേസമയം, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ പരക്കുന്നുണ്ട്. 

Tags

Share this story