ദേശീയഗാനം ആലപിച്ചില്ല: തമിഴ്‌നാട് നിയമസഭയിൽ നയപ്രഖ്യാപനം പൂർത്തിയാക്കാതെ ഗവർണർ ഇറങ്ങിപ്പോയി
തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആർഎൻ രവി ഇറങ്ങിപ്പോയി. സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തിന് ശേഷം ദേശീയ ഗാനം ആലപിക്കാത്തതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഗവർണറുടെ നടപടികൾ ശരിയല്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു. നിരന്തരമായി ഗവർണർ സർക്കാറുമായി പ്രശ്‌നമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഞാൻ നിരാശനാണ്. ദേശീയഗാനത്തിന് അർഹമായ ബഹുമാനം നൽകിയില്ലെന്ന് ഗവർണർ പറഞ്ഞു. സഭാ നടപടികൾ ആരംഭിച്ചപ്പോൾ നിയമങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കണമെന്നും സംസ്ഥാന സർക്കാർ അംഗീകരിച്ച പ്രസംഗം വായിക്കണമെന്നും സ്പീക്കർ എം അപ്പാവു ഗവർണറോട് ആവശ്യപ്പെട്ടു. ഗവർണർ തയ്യാറാക്കിയ പ്രസംഗത്തിലെ ചില ഭാഗങ്ങളിൽ ട്രഷറി ബെഞ്ചുകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഇടപെടൽ.
എന്നാൽ സ്പീക്കറുടെ ഇടപെടൽ നിർഭാഗ്യകരമാണെന്ന് ഗവർണർ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനത്തോടൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ, ഗവർണർ നയപ്രഖ്യാപന പ്രസംഗം പൂർത്തിയാക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
