അരിക്കൊമ്പനെ കൊണ്ട് തമിഴ്‌നാട് നട്ടംതിരിയുന്നു, വ്യാപകമായി കൃഷി നശിപ്പിച്ചു; വനം വകുപ്പിന്റെ വാഹനം തകര്‍ത്തു: റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ല

ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് തമിഴ്‌നാട് നട്ടം തിരിയുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് ശേഷം തമിഴ്‌നാട് വനമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ ആ മേഖലയില്‍ വലിയ നാശനഷ്ടം വിതയ്ക്കുകയാണ്. വ്യാപകമായ തോതിലാണ് കൃഷി നശിപ്പിക്കുന്നത്. തമിഴ്‌നാട് വനം വകുപ്പിന്റെ ഒരു വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസമായി മേഖമലയില്‍ തമ്പടിച്ചിരിക്കുന്ന അരിക്കൊമ്പന്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഈ മേഖലയില്‍ വരുത്തിയിട്ടുള്ളത്. വാഴക്കൃഷി വ്യാപകമായി നശിപ്പിച്ചു. ഇതോടെ ആനയെ തുരത്തിയോടിക്കാന്‍ വനം വകുപ്പ് ശ്രമിച്ചു. വനം വകുപ്പിന്റെ വാഹനം തകര്‍ത്തുകൊണ്ടാണ് അരിക്കൊമ്പന്‍ അതിന് പകരം വീട്ടിയത്. അവസാനം തമിഴ്‌നാട് വനമേഖലയിലേക്ക് തന്നെ അരിക്കൊമ്പനെ നാട്ടുകാരം വനം വകുപ്പും ചേര്‍ന്ന് ഓടിച്ചിരിക്കുകയാണ്.
120 പേരടങ്ങുന്ന സംഘത്തെയാണ് അരിക്കൊമ്പനെ തുരത്താനായി തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടുമണി മുതല്‍ മേഘമല മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതേപ്പറ്റി കൃത്യമായ വിവരം തമിഴ്നാടിന് കൈമാറാന്‍ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം എന്ന് കേരളാ വനം വകുപ്പ് പറയുന്നു. ചില സമയങ്ങളില്‍ സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും വനം വകുപ്പ് പറയുന്നുണ്ട്.