തമിഴ്‌നാട്ടിൽ വിപ്ലവകരമായ സുരക്ഷാ പദ്ധതി: ‘സിങ്കപ്പെണ്ണ്’ ടാസ്‌ക് ഫോഴ്‌സ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ശക്തമാക്കുന്നതിനുള്ള ‘സിങ്കപ്പെണ്ണ്’ (Singappen) പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഇന്ന് പ്രവർത്തനമാരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് വൈകുന്നേരം 5 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു രാജരത്തിനം സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ടാസ്‌ക് ഫോഴ്‌സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ പദ്ധതികളിൽ ഒന്നാണിത്.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ കെ. ഭവാനീശ്വരിയാണ് സിങ്കപ്പെണ്ണ് ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ (IG). ആദ്യഘട്ടത്തിൽ ഒരു സൂപ്രണ്ട് ഓഫ് പോലീസ് (SP), രണ്ട് ഡെപ്യൂട്ടി സൂപ്രണ്ട്മാർ, നാല് ഇൻസ്‌പെക്ടർമാർ എന്നിവരുൾപ്പെടെ മുപ്പതോളം ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക സംഘത്തിലുള്ളത്.
ഫോഴ്‌സിന് സവിശേഷമായ സ്വഭാവം നൽകുന്നതിനായി നീല ഷർട്ടും കാക്കി ട്രൗസറുമടങ്ങിയ പ്രത്യേക യൂണിഫോമാണ് സേനാംഗങ്ങൾക്കായി സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ക്യാപും ബ്ലാക്ക് ഷൂസുമാണ് ഇവരുടെ മറ്റ് വേഷങ്ങൾ.
അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടൽ, പ്രതിരോധ പട്രോളിംഗ്, ഇരകൾക്കുള്ള സഹായം, ബോധവൽക്കരണം എന്നിവയാണ് സിങ്കപ്പെണ്ണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രധാന ചുമതലകൾ. ചെന്നൈയിലെ ഉദ്ഘാടനത്തിന് ശേഷം തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഈ പ്രത്യേക സുരക്ഷാ സേനയുടെ സേവനം ലഭ്യമാകും.
