അർഹമായ ഫണ്ടിനായി തമിഴ്‌നാട് നിയമപോരാട്ടത്തിലേക്ക്; നിയമസഭയിൽ നയപ്രഖ്യാപനം നടത്തി ഗവർണർ ആർലേക്കർ

തമിഴ്നാട്

ചെന്നൈ: കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹമായ നികുതിവിഹിതവും ഫണ്ടുകളും കൃത്യമായി നേടിയെടുക്കുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ. (TVK) സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തിക്കൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

​കേന്ദ്ര നികുതിവിഹിതം പങ്കുവെക്കുന്നതിൽ തമിഴ്‌നാടിനോട് കാണിക്കുന്ന വിവേചനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു ധവളപത്രം സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗവർണർ അറിയിച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട ഓരോ രൂപയും കൃത്യമായി രേഖപ്പെടുത്തും. അർഹമായ സാമ്പത്തിക വിഹിതം ഉറപ്പാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഒരു പ്രത്യേക നിയമ സമിതിക്ക് (Special Legal Committee) രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​തമിഴ്‌നാട് സംഭാവന ചെയ്യുന്ന നികുതിയുടെ കൃത്യമായ വിഹിതം ആവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രത്യേക പ്രമേയം പാസാക്കും. സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനും കേന്ദ്രത്തിന് മേൽ കൃത്യമായ സമ്മർദ്ദം ചെലുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

Tags

Share this story