സ്പീക്കർ പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് ടിഡിപി, ആവശ്യങ്ങളിലുറച്ച് ജെഡിയു; എൻഡിഎ യോഗം ഇന്ന്

nda

എൻഡിഎ എംപിമാരുടെ യോഗം ഇന്ന് പാർലമെന്റ് സെൻട്രൽ ഹാളിൽ ചേരും. രാവിലെ 11 മണിക്കാണ് യോഗം. നരേന്ദ്രമോദിയെ പാർലമെന്റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എംപിമാരെ മോദി അഭിസംബോധന ചെയ്യും. 

യോഗത്തിന് ശേഷം മോദിയെ നേതാവായി തീരുമാനിച്ചതായുള്ള കത്ത് രാഷ്ട്രപതിക്ക് നേതാക്കൾ നൽകും. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. അയൽ രാഷ്ട്രങ്ങളിലെ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തും. സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാനൊരുങ്ങുന്ന ബിജെപിക്ക് കനത്ത വെല്ലുവിളിയായി ടിഡിപിയുടെയും ജെഡിയുവിന്റെയും കടുംപിടിത്തം തുടരുകയാണ്

സ്പീക്കർ സ്ഥാനം ടിഡിപിക്ക് നൽകുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നൽകിയേക്കും. അതേസമയം ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിർദേശം ജെഡിയു തള്ളി. അർഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയിൽ വേണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.
 

Share this story