മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം കൗമാരക്കാരനെ വെട്ടിക്കൊന്നു; അഞ്ച് പേർ അറസ്റ്റിൽ
മധുര: തമിഴ്‌നാട്ടിലെ പ്രശസ്തമായ മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം 17 വയസ്സുകാരനെ അഞ്ചംഗ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മുത്തുമണി എന്ന യുവാവ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെയോടെ മീനാക്ഷി ക്ഷേത്രത്തിന് സമീപമുള്ള മധുര കോർപ്പറേഷന്റെ വാഹന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട കൗമാരക്കാരൻ ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്നു. ഈ സമയത്ത് മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തിന് ശേഷം പ്രതികൾ ഇവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികളെ മുഴുവൻ പോലീസ് വലയിലാക്കിയത്.
കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യം
കഴിഞ്ഞ ദിവസം നടന്ന ചിത്തിര ഉത്സവത്തോടനുബന്ധിച്ച് കൊല്ലപ്പെട്ട യുവാവും മുഖ്യപ്രതിയായ മുത്തുമണിയും തമ്മിൽ തർക്കങ്ങളും സംഘർഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കൊല്ലപ്പെട്ട കൗമാരക്കാരനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
