രാഹുലിന് പിന്നാലെ തേജസ്വിയും: ഗുജറാത്തില്‍ മാനനഷ്ടക്കേസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയും ഗുജറാത്തില്‍ മാനനഷ്ടക്കേസ്. 'ഗുജറാത്തിക്ക് മാത്രമേ വഞ്ചകനാകാന്‍ കഴിയൂ' എന്ന പരാമര്‍ശത്തിലാണ് ആര്‍ജെഡി നേതാവിനെതിരെ അഹമ്മദാബാദ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ പരാമര്‍ശം.
'രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍, ഒരു ഗുജറാത്തിക്ക് മാത്രമേ വഞ്ചകനാകാന്‍ കഴിയൂ, കാരണം അവരുടെ വഞ്ചന ക്ഷമിക്കപ്പെടുമെന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്. ഹരേഷ് മേത്ത എന്ന വ്യവസായിയാണ് തേജസ്വിക്കെതിരെ അഹമ്മദാബാദിലെ മെട്രോപൊളിറ്റന്‍ കോടതിയില്‍ പരാതി നല്‍കിയത്. ഈ പ്രസ്താവന താന്‍ വാര്‍ത്തയില്‍ കണ്ടിട്ടുണ്ടെന്നും പരാമര്‍ശം ഗുജറാത്തി അഭിമാനത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് തേജസ്വി യാദവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ വാദം കേള്‍ക്കുന്നത് മെയ് 1 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തേജസ്വി യാദവിന് സമന്‍സ് അയച്ച് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.