ജന്തർമന്തറിൽ സംഘർഷാവസ്ഥ; സിജെപി പ്രതിഷേധത്തിനെതിരെ ജയ്ശ്രീറാം വിളികളുമായി ആർഎസ്എസ്: തടഞ്ഞ് പൊലീസ്
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ, സിയുഇടി പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർമന്തറിൽ നടത്തിയ പരസ്യ പ്രതിഷേധത്തിനിടെ സംഘർഷാവസ്ഥ. പ്രതിഷേധവുമായി എത്തിയ സിജെപി പ്രവർത്തകർക്കെതിരെ ജയ്ശ്രീറാം വിളികളുമായി ആർഎസ്എസ് പ്രവർത്തകർ രംഗത്തിറങ്ങിയതോടെയാണ് സ്ഥലത്ത് വൻ തർക്കവും അസ്വസ്ഥതയും ഉടലെടുത്തത്.
പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലാണ് ജന്തർമന്തറിൽ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ആർഎസ്എസ് പ്രവർത്തകർ കൂട്ടത്തോടെ എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക് തർക്കവും ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഡൽഹി പൊലീസ് ഉടൻ തന്നെ ഇടപെടുകയും ഇരുവിഭാഗത്തെയും തടയുകയും ചെയ്തു.
