സംഘർഷമൊഴിയാതെ മണിപ്പൂർ; സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു: 6 പേർക്ക് പരിക്ക്
ഇംഫാൽ: മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. നൊനെ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് എന്നയാളാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ സംഘർഷം ഒഴിയാതെ നിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഉപവിഭാഗങ്ങൾ തമ്മിൽ ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ തർക്കങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചത്. കമങ് ലുങ്പാൻ ഏരിയയിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലിയുൾപ്പെടെ ദീർഘകാലമായി ഇരുവിഭാഗങ്ങൾക്കിടയിലും തർക്കങ്ങൾ നിലനിൽക്കുകയാണ്.
സംഭവത്തെ തുടർന്ന് സുരക്ഷാ സേനയും മണിപ്പൂർ പോലീസും സ്ഥലത്തെത്തി സുരക്ഷയും തിരച്ചിലും ശക്തമാക്കി. കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.
