പ്രധാനമന്ത്രിക്കെതിരായ 'ഭീകരവാദി പരാമര്‍ശം'; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Modi Garke

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തമിഴ്നാട്ടിലെ പ്രചാരണത്തിനിടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.

'എഐഡിഎംകെ പാര്‍ട്ടിക്ക് മോദിയോടൊപ്പം എങ്ങനെ ചേരാന്‍ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിലും നീതിയിലും വിശ്വാസമില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും. ഈ ആളുകള്‍ അവരുമായി ചേരുന്നുവെന്നതിന്റെ അര്‍ഥം ജനാധിപത്യത്തെ അവര്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ്'. ഇതായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായും ഖാര്‍ഗെ രംഗത്തെത്തി. 

പ്രധാനമന്ത്രി എപ്പോഴും ഇഡി പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉദ്ദേശിച്ചതെന്നും മോദി ഭീകരവാദിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. അക്ഷരാര്‍ഥത്തില്‍ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും ഭയപ്പെടുത്തുന്നുവെന്നാണ് ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖാർഗെയും കോൺഗ്രസ് പാർട്ടിയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ബിജെപി ആരോപിച്ചു.ഈ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രിമാരും മറ്റ് നിരവധി ബിജെപി നേതാക്കളും ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കുകയും കോൺഗ്രസ് നേതാവിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

Tags

Share this story