ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല: തെരച്ചിൽ തുടരുന്നു
കുടക്: മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായുള്ള തെരച്ചിൽ നാലാം ദിവസത്തിൽ. കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശി ജി.എസ്. ശരണ്യയ്ക്കായുള്ള (36) തെരച്ചിൽ തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയൻഡമോൾ കയറാനാണു വ്യാഴാഴ്ച ഇവരെത്തിയത്. ബെട്ട വനമേഖലയിൽ അറുപതംഗ പൊലീസ്, വനംവകുപ്പ് സംഘമാണ് അന്വേഷണം നടത്തുന്നത്. നക്സൽ വിരുദ്ധ സേനയും ഒപ്പമുണ്ട്. കേരളവും കർണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. ശരണ്യയുടെ ഫോൺ സ്വിച്ചോഫ് ആണ്. ആദ്യമായാണ് ഇത്തരത്തിലുള്ള മിസ്സിങ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
മൂന്നരകിലോമീറ്റർ ദൂരത്തോളമാണ് ട്രക്കിങ്ങ്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാൽ ശരണ്യയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവിൽ ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്. വഴിതെറ്റിയാലും സഞ്ചാരികൾ 2–3 മണിക്കൂർ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നു പൊലീസ് പറയുന്നു.
ഓൺലൈനായാണ് ശരണ്യ ട്രക്കിങ്ങിന് ബുക്ക് ചെയ്തത്. ഏപ്രിൽ ഒന്നിന് കൂർഗിൽ എത്തി. കാട്ടാന ശല്യമുള്ളതിനാൽ ഒറ്റയ്ക്കു കടത്തിവിടാനാകില്ലെന്നു വനംവകുപ്പ് ജീവനക്കാർ അറിയിച്ചതോടെ യാവകപ്പാടിയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. തുടർന്ന്, 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെ വനത്തിലേക്കു പോയി. ഉച്ചയോടെ തനിക്ക് വഴിതെറ്റിയെന്ന് പറഞ്ഞുകൊണ്ടുള്ള ശരണ്യയുടെ മെസേജ് ഹോംസ്റ്റേയിൽ ലഭിച്ചു. തുടർന്ന് ഇവർ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
