2000ന്റെ നോട്ട് തന്നെ വലിയ വിഡ്ഡിത്തമാണ്; മണ്ടൻ തീരുമാനം പിൻവലിച്ചതിൽ സന്തോഷം: പി ചിദംബരം

chidambaram

2000 രൂപ നോട്ടുകൾ പുറത്തിറക്കിയത് വലിയ വിഡ്ഡിത്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ രേഖകൾ ആവശ്യമില്ലെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെയും പി ചിദംബരം ചോദ്യം ചെയ്തു.


കള്ളപ്പണം കണ്ടത്താൻ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകൾ എങ്ങനെയാണ് പിൻവലിക്കുന്നത്. സാധാരണ ജനങ്ങളുടെ പക്കൽ 2000 രൂപയുടെ നോട്ടുകളില്ല. 2016ൽ അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകൾക്ക് അത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനാൽ ആരാണ് 2000 രൂപയുടെ നോട്ടുകൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതുമെന്ന് നിങ്ങൾക്കറിയാം.

2000 രൂപ നോട്ടുകൾ മാറാൻ ഐഡന്റിറ്റിയോ ഫോമുകളോ തെളിവുകളോ ആവശ്യമില്ലെന്ന് ബാങ്കുകൾ പറയുന്നു. അതായത് കള്ളപ്പണം കൈവശമുള്ള ആർക്കും നീരീക്ഷിക്കപ്പെടാതെ തന്നെ പണം മാറ്റിയെടുക്കാനാകും. കള്ളപ്പണം കണ്ടെത്തുന്നതിനാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന ബിജെപിയുടെ വാദം ഇതോടെ പൊളിഞ്ഞു. ഇത്രേയുള്ളൂ കള്ളപ്പണം വേരോടെ പിഴുതെറിയുക എന്ന ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും തന്റെ ട്വീറ്റിലൂടെ ചിദംബരം കുറ്റപ്പെടുത്തി


 

Share this story