ബിജെപിയുടെ തീരുമാനങ്ങളെല്ലാം കണ്ണും പൂട്ടി പിന്തുണക്കുന്ന താരം; കങ്കണ ഒടുവിൽ ലോക്‌സഭാ സ്ഥാനാർഥി

kangana

ബിജെപി തങ്ങളുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായത് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ സ്ഥാനാർഥിത്വമാണ്. ഹിമാചൽപ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് കങ്കണയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. ബിജെപിയുടെയും സംഘ്പരിവാറിന്റെയും എന്ത് തീരുമാനങ്ങളും കണ്ണും പൂട്ടി പിന്തുണക്കുന്ന താരമാണ് കങ്കണ. ഇത് തന്നെയാണ് ഇവർക്ക് സീറ്റ് ലഭിക്കാനുള്ള കാരണവും

മോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കങ്കണയെ മത്സരിപ്പിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ ലോക്‌സഭാ സീറ്റിൽ മത്സരിപ്പിക്കാണ് ബിജെപി ദേശീയനേതൃത്വം താത്പര്യപ്പെട്ടത്. 

സമൂഹമാധ്യമങ്ങളിൽ ബിജെപിക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്ന കങ്കണ നിരവധി വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, കർഷക സമരം എന്നീ വിഷയങ്ങളിലെല്ലാം ബിജെപിയുടെ വക്താക്കൾ സംസാരിക്കുന്നതിനേക്കാൾ രൂക്ഷമായാണ് താരം പ്രതികരിച്ചിരുന്നത്. ഇതിനാൽ തന്നെ സംഘ്പരിവാർ പ്രവർത്തകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് കങ്കണ

അതേസമയം കങ്കണയുടെ കുടുംബപശ്ചാത്തലം കോൺഗ്രസ് രാഷ്ട്രീയമാണ്. കങ്കണയുടെ മുത്തച്ഛൻ ഗോപാൽപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ആയിരുന്നു. ബിജെപിക്കും കോൺഗ്രസിനും തുല്യശക്തിയുള്ള മണ്ഡലമാണ് മണ്ഡി. 2014, 2019 തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ ബിജെപിക്കായിരുന്നു വിജയം. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് പിടിച്ചെടുത്തു. ഇത് തിരികെ പിടിക്കാനുള്ള ദൗത്യമാണ് ബിജെപി കങ്കണയെ ഏൽപ്പിച്ചിരിക്കുന്നത്.
 

Share this story