ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്റെ ഡ്രൈവറിനും വെടിയേറ്റിരുന്നു. കൂടാതെ താരത്തിന് പരുക്കേൽക്കുകയും ചെയ്തു. ഇപ്പോൾ കൈയിലേറ്റ പരുക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് ടൈഗർ ഷ്രഫിന്റെ ടീം.
കൈയിൽ പെല്ലറ്റ് തുളച്ചു കയറിയതിനെ തുടർന്നുണ്ടായ പരുക്കാണ് ടൈഗർ വെളിപ്പെടുത്തിയത്. കൈ മുഴുവൻ ചുവന്ന പൊട്ടുപോലുള്ള പരുക്കുകൾ നമുക്ക് കാണാനാകും. ദൈവം കരുണയുള്ളവനാണ് എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വെടിവെപ്പിനു പിന്നാലെ താരത്തിന്റെ വിഡിയോ പുറത്തുവന്നത് വലിയ രീതിയിലുള്ള ട്രോളിന് കാരണമായിരുന്നു.
https://www.instagram.com/reel/Deyb61Zunou/?rpxt=b3J5N2E0Nm9jbnpt
കൈയിൽ ബാൻഡേജ് ചുറ്റിയ നിലയിലാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. രണ്ട് ദിവസത്തിനു ശേഷം കൈയിൽ പരുക്കുകൾ കാണാതിരുന്നതോടെ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തി. പിന്നാലെയാണ് കൈയിലേറ്റ പരുക്ക് വ്യക്തമാക്കിക്കൊണ്ട് ടൈഗർ ഷ്രഫിന്റെ ടീം തന്നെ രംഗത്തെത്തിയത്. 18ന് മുംബൈയിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. ഫുട്ബോൾ പ്രാക്റ്റീസ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ താരത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിവയ്പ്പാണ് താരത്തിന് നേരെ നടന്നത്. താരത്തിന്റെ ഡ്രൈവറിനും മറ്റൊരാൾക്കും വെടിവയ്പ്പിൽ പരുക്കേറ്റു.
