ബെംഗളൂരു വകുപ്പ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

Karnataka Con

രാമലിംഗ റെഡ്ഡിയുടെ മന്ത്രിസഭയിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റെഡ്ഡിക്ക് ബംഗളൂരു വികസന വകുപ്പ് നൽകാമെന്ന് താൻ മുൻപ് വാഗ്ദാനം ചെയ്തിരുന്നു എന്നത് സത്യമാണെന്ന് ശിവകുമാർ മാധ്യമങ്ങളോട് സമ്മതിച്ചു.

​മന്ത്രിസഭാ പുനഃസംഘടനയിൽ 13 മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ രാമലിംഗ റെഡ്ഡി രാജി പ്രഖ്യാപിച്ചത്. തനിക്ക് ജലവിഭവ വകുപ്പ് നൽകിയതിലും, താൻ ആഗ്രഹിച്ച ബെംഗളൂരു വികസന വകുപ്പ് കൃഷ്ണ ബൈരെ ഗൗഡയ്ക്ക് നൽകിയതിലും പ്രതിഷേധിച്ചാണ് രാജി. തനിക്ക് രണ്ട് തവണ ഈ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നതായും, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവെക്കുന്നതെന്നും റെഡ്ഡി വ്യക്തമാക്കി.

​ഇതേക്കുറിച്ച് സംസാരിച്ച ഡി.കെ. ശിവകുമാർ, പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് വകുപ്പ് മാറ്റേണ്ടി വന്നതെന്ന് വിശദീകരിച്ചു. രാമലിംഗ റെഡ്ഡി വളരെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ബെംഗളൂരു കേന്ദ്രീകരിച്ചായതിനാൽ ഈ വകുപ്പ് ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റെഡ്ഡിയെ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്നം പരിഹരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (AICC) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ രാജ്യസഭാ നാമനിർദ്ദേശ പത്രിക സമർപ്പണത്തിനായി രാഹുൽ ഗാന്ധി ബെംഗളൂരുവിൽ എത്തുന്ന സമയത്തുണ്ടായ ഈ രാജി ശിവകുമാർ സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags

Share this story