ബിജെപിക്ക് തിരിച്ചടി കൂടുതലും ഉത്തർപ്രദേശിൽ; മഹാരാഷ്ട്രയിലും പഞ്ചാബിലും ഇന്ത്യ സഖ്യം

up

വലിയ അവകാശവാദവുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുന്നതാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാണുന്നത്. നാനൂറിലേറെ സീറ്റുകൾ എൻഡിഎയും ബിജെപി ഒറ്റയ്ക്ക് 300ലേറെ സീറ്റുകളും നേടുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ നിലവിൽ 290 സീറ്റുകളിൽ മാത്രമാണ് എൻഡിഎ സഖ്യത്തിന് ലീഡ് ചെയ്യാനാകുന്നത്

അതേസമയം ശക്തമായ മത്സരം കാഴ്ചവെച്ച ഇന്ത്യ സഖ്യം 232 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികളെല്ലാം കൂടി 21 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2019ൽ യുപിയിലെ 80 സീറ്റിൽ 62 സീറ്റിലും ജയിച്ച എൻഡിഎ ഇത്തവണ 38 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്

41 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. വാരണാസിയിൽ ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിൽ പോയത് വലിയ ആഘാതമാണ് ബിജെപിക്കുണ്ടാക്കിയത്. അമേഠിയിൽ സ്മൃതി ഇറാനി 15,000 വോട്ടുകൾക്ക് പിന്നിലാണ്. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ ലീഡ് ഇരുപതിനായിരം പിന്നിട്ടു. 

യുപിക്ക് പുറമെ മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയിലെ 27 സീറ്റിൽ ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്. പഞ്ചാബിൽ 10 സീറ്റിലും ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്.
 

Share this story