​‘സ്‌കൂൾ ഠീക് കരോ’ പ്രചാരണത്തിന് തുടക്കമിട്ട് സി.ജെ.പി; സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അഭിജീത് ദിപ്കെ

അഭിജിത്ത്

സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഹാരങ്ങൾ ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാര്‍ട്ടി (CJP) ‘സ്‌കൂൾ ഠീക് കരോ’ (School Thik Karo) പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ സന്തുക് പിംപ്രി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചുകൊണ്ട് സി.ജെ.പി കൺവീനറും സ്ഥാപകനുമായ അഭിജീത് ദിപ്കെയാണ് പ്രചാരണം ഉദ്ഘാടനം ചെയ്തത്.

​സ്കൂളുകളിൽ കുടിവെള്ള ലഭ്യതയില്ലായ്മ, പ്രവർത്തനരഹിതമായ ശുചിമുറികൾ, തകർന്ന ജനലുകൾ, വിദ്യാർത്ഥികൾക്ക് ഇരുന്ന് പഠിക്കാൻ ആവശ്യത്തിന് ബെഞ്ചുകൾ ഇല്ലാത്ത അവസ്ഥ എന്നിവ പരിശോധനയ്ക്കിടെ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഗ്രാമീണ മേഖലകളിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുകയാണെന്നും, ഏത് രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വന്നാലും സർക്കാർ സ്കൂളുകൾ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

​സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിന് പരിധി നിശ്ചയിക്കണമെന്നും (Fee Cap), പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്നും ദിപ്കെ ആവശ്യപ്പെട്ടു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ജനപ്രതിനിധികൾക്കും സ്കൂളുകളിലെ കുറവുകൾ ചൂണ്ടിക്കാണിക്കാനും സോഷ്യൽ ഓഡിറ്റ് നടത്തുന്നതിനുമായി ഒരു പ്രത്യേക ഫോമും ചെക്ക്‌ലിസ്റ്റും സി.ജെ.പി പുറത്തിറക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ തുടക്കമിട്ട ഈ പ്രചാരണം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് സി.ജെ.പിയുടെ തീരുമാനം. 

Tags

Share this story