തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിന് നിരാശ കാണും; രാഹുലിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് അനുരാഗ് താക്കൂർ

വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണമുയർത്തിയ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിന്റെ നിരാശ നിരന്തരം വർധിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറി. മുമ്പ് റഫാലുമായി ബന്ധപ്പെട്ടും പെഗാസസുമായി ബന്ധപ്പെട്ടും രാഹുൽ ഉയർത്തി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതാണ്
പലപ്പോഴും അദ്ദേഹം കോടതിയിൽ മാപ്പ് പറഞ്ഞു. ഇന്ന് ഉന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കി. ഓൺലൈനായി വോട്ട് വെട്ടിക്കളയാൻ സാധിക്കില്ലെന്നത് വസ്തുതയാണ്. 2023ലെ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതാമ്. കർണാടക പോലീസ് ഇതിൽ എന്താണ് ചെയ്തതെന്നും അനുരാഗ് താക്കൂർ ചോദിച്ചു.
നേരത്തെ തരഞ്ഞെടുപ്പ് കമ്മിഷനും രാഹുലിന്റെ ആരോപണങ്ങൾ തള്ളിയിരുന്നു. രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതികരിച്ചു. രാഹുൽ ഗാന്ധി പരാമർശിച്ച കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. 2023ൽ, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ നീക്കാൻ ചില ശ്രമങ്ങൾ നടന്നിരുന്നു എന്നും കമ്മിഷൻ പറഞ്ഞു. പൊതുജനങ്ങളിൽ ആർക്കും ഓൺലൈനായി വോട്ടു നീക്കം ചെയ്യാനാകില്ലെന്നും കമ്മിഷൻ അറിയിച്ചു.