ചെലവ് താങ്ങാനാകുന്നില്ല; സർവീസുകൾ നിലച്ചേക്കാം: മുന്നറിയിപ്പുമായി വിമാന കമ്പനികൾ

Airlines 1200

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ പ്രതിസന്ധിയിൽ. ഏതുനിമിഷവും സർവീസുകൽ നിലച്ചേക്കാമെന്ന അവസ്ഥയിലാണെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി.

എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടുന്ന സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ആശങ്ക അറിയിച്ച് കത്തയച്ചത്. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികൾ വ്യക്തമാക്കി.

ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിന്‍റെ ഏകദേശം 40 ശതമാനത്തോളം ഏവിയേഷൻ ടർബൈൻ ഫ്യൂവൽ എന്ന വിമാന ഇന്ധനത്തിനായി ചെലവാക്കേണ്ടി വരുന്നുണ്ട്. യുദ്ധ സാഹചര്യവും വിമാന ഇന്ധനത്തിന്‍റെ (ATF) വിലയിലുണ്ടായ അമിതമായ വർധനയുമാണ് വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി വർധിച്ചതായി കമ്പനികൾ കത്തിൽ പറയുന്നു.

പ്രതിസന്ധി മറികടക്കാൻ വിമാന ഇന്ധനത്തിന്മേലുള്ള 11 ശതമാനം എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി നീക്കം ചെയ്യണമെന്നും, ഇന്ധനവില കുറയ്ക്കുന്നതിനും ആഭ്യന്തര-അന്താരാഷ്ട്ര നിരക്കുകൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനും സർക്കാർ ഇടപെടണമെന്നുമാണ് എഫ്‌ഐ‌എ ആവശ്യപ്പെടുന്നത്. അടിയന്തര ധനസഹായവും നയപരമായ ഇടപെടലുകളും ഉണ്ടായില്ലെങ്കിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വരുമെന്നും എഫ്ഐഎ മുന്നറിയിപ്പ് നൽകി.

Tags

Share this story