രാജ്യം മാറ്റത്തിനായി ആഗ്രഹിക്കുന്നു; 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡികെ ശിവകുമാർ

രാജ്യം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നുണ്ടെന്നും 2029ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ് നിലനിർത്തുമെന്നും ഡികെ ശിവകുമാർ പറഞ്ഞു. കർണാടകയിൽ ഈ വർഷം നേതൃമാറ്റമുണ്ടാകുമെന്ന വാർത്ത ഡികെ ശിവകുമാർ തള്ളി
2029ൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തിന് മാറ്റം ആവശ്യമാണ്. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി സ്ഥാനം പ്രധാനമല്ല എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. സ്വാർഥനാകാൻ താത്പര്യമില്ല. കഠിനധ്വാനം തീർച്ചയായും ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നവംബറിൽ രണ്ടര വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റത്തെ കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.